ഒരു രാജ്യത്തിൻറ്റെ സാമ്പത്തിക നില സാമാന്യം ഭദ്രമായി മുന്നോട്ട് പോയിരുന്ന കാലം; ഈ നാടിൻറ്റെ നാണയം ഡോളറിനു എതിരെ 18 എണ്ണം എന്ന നിലയിൽ നിൽക്കവേ ഒരു സാമ്പത്തിക വിദഗ്ദ്ധൻ രാജ്യത്തിൻറ്റെ ധനകാര്യം ഏറ്റെടുക്കുന്നു. അദ്ദേഹം നമ്മുടെ ശശി പറയുന്നതു പോലെ പറഞ്ഞു; "ഇപ്പോൾ ശരിയാക്കി തരാം", ഒരു രണ്ട് ദിവസം കൊണ്ട് 10 കൊടുത്താൽ ഒരു ഡോളർ, പിന്നെ 1 നു 1, ഒടുവിൽ പേരു പറഞ്ഞാൽ ഡോളർ എന്ന നിലയിലാക്കാം, ഞാൻ എന്തും വേണ്ടി എക്കണോമിക്സ്സ് പഠിച്ചിരിയ്ക്കുന്നു!!!.
അദ്ദേഹം വേണ്ടനിലയിൽ പ്രവർത്തനമാരംഭിച്ചു, നിർഭാഗ്യകരം എന്നല്ലാതെന്തു പറയാൻ നാണയം കുത്തനെ ഇടിഞ്ഞു തുടങ്ങി. തൻറ്റെ തന്നെ വർഗ്ഗത്തിൽ പിറന്ന കുറേ മാനേജ്ജരന്മാരെ അദ്ദേഹം കാരണം കണ്ട് പിടിയ്ക്കാൻ നിയോഗിച്ചു. അവർ കാരണം കണ്ടെത്തി, മറ്റ് രാജ്യങ്ങളിൽ സാമ്പത്തികരംഗത്ത് പ്രവർത്തിയ്ക്കുന്നവരുടെ ഒരു ഗ്രൂപ്പിൽ 10 പേർ ഉണ്ടെങ്കിൽ 9 പേർ ജോലിയെടുക്കും, ഒരാൾ അവരെ നിയന്ത്രിയ്ക്കും; ഇവിടെ ഒരാൾ ജോലിയെടുക്കും, 9 പേർ നിയന്ത്രിയ്ക്കും. അപ്പോൾ ജോലി ചെയ്യാൻ ആവശ്യത്തിന് ആൾക്കാരില്ലാത്തതാണു പ്രശ്നം!
ഇതിനിടയിൽ നമ്മുടെ ധനകാര്യ വിദഗ്ദ്ധൻ വളർന്ന് രാജ്യഭരണം കയ്യാളി, കൂടുതൽ അധികാരമൊക്കെ ആയപ്പോൾ പ്രശ്നത്തിൻറ്റെ കാരണം കണ്ടെത്തിയ സ്ഥിതിയ്ക്ക് തൻറ്റെ വംശജർ മാത്രം പോരാ എന്നു തോന്നിയതിനാൽ അമേരിയ്ക്കാവിൽ പോയി ക്യാപ്പിറ്റലിസ്സം പഠിച്ച ഒരാളെ കൂടി കൂടെ കൂട്ടി അവനെ ഏൽപ്പിച്ചു ധനകാര്യങ്ങൾ. ആ വിദഗ്ദ്ധൻ വളരെ കാര്യക്ഷമമായി പ്രവർത്തിച്ചു, അദ്ദേഹം വ്യവസ്ഥ പൊളിച്ചെഴുതി, അമേരിയ്ക്കൻ മോഡലിൽ 4 സ്റ്റിയറിംഗ് മാനേജരന്മാർ, 3 ഏരിയാ സ്റ്റിയറിംഗ് മാനേജരന്മാർ,ജോലിചെയ്യുന്ന ആ ഒരാളിനു ബത്ത നൽകുന്നതിനായി 2 പേരടങ്ങിയ ഒരു പെർഫൊർമൻസ്സ് റിവ്യൂ സിസ്റ്റം എന്നിവ ഏർപ്പെടുത്തി. പക്ഷേ വീണ്ടും നിർഭാഗ്യം, വീണ്ടും നാണയം കുത്തനെ താഴോട്ട് തന്നെ.
ഇത്തവണ മനസ്സു മടുത്ത സമ്പത്തിക വിദഗ്ദ്ധൻ നാണയത്തെ അമേരിയ്ക്കക്കാരനെ തന്നെ ഏൽപ്പിച്ചു. നമ്മുടെ ഏക ജോലിക്കാരനെ പിരിച്ചു വിട്ടു, മാനേജർമാർക്ക് പ്രൊമോഷനും ബോണസ്സും നൽകി, അവർ പ്രശ്നത്തിനെ കാരണം കണ്ട് പിടിചല്ലോ!!!
ഗുണപാഠം : ബോസ്സ് എല്ലായ്പ്പോഴും ശരി മാത്രമേ ചെയ്യൂ, അഥവാ മേലധികാരി എന്തു ചെയ്യുന്നുവോ അത് മാത്രമാണു ശരി!
N.B : ഈ കഥയുമായി ജീവിച്ചിരിയ്ക്കുന്നവരോ, മരിച്ചവരോ ആയ ആരോടെങ്കിലും സാദൃശ്യം തോന്നിയാൽ... തോന്നും അത്ര തന്നെ; ഞാനെന്തു ചെയ്യാനാ?
No comments:
Post a Comment