Tuesday, October 21, 2014

മാനേജ്മെൻറ്റ് പാഠം - 15 (Management Jokes - Auditor)

ഓഡിറ്റിംഗ് എന്നു കേൾക്കുമ്പോൾ, തുടർന്നു മനസ്സിൽ വരുന്ന വാക്ക് "പാര" എന്നാണ്. ആഡിറ്റിംഗ് കഴിഞ്ഞാൽ ചെയ്തവർ, ചെയ്യപ്പെട്ടവർക്ക് സമ്മാനിയ്ക്കുന്നത്, മറുപടി നൽകാൻ കുറേ പാരഗ്രാഫുകൾ അഥവാ "ആഡിറ്റ് പാര" എന്ന ഈ മുഴുനീള പാരകൾ തന്നെ. ഓഫീസുകളുടെ മെതേഡുകളും, പ്രൊസീഡിയറുകളും ഒക്കെ നോക്കിയിരുന്ന അവർ ഇന്ന് 10 -12 ലക്ഷം രൂപ മാസശമ്പളം വാങ്ങുന്ന ഐ.എസ്സ്.ഓ യുടെ തേർഡ്ഡ്പാർട്ട് ആഡിറ്റിംഗിൽ വന്നു നിൽക്കുന്നു. ഒരു ഓഡിറ്റ് ഓഫീസറുടെ ആ പഴയകഥ നമുക്ക് നോക്കാം.

ഓഡിറ്റ് ഓഫീസർ അന്നത്തെ പരിപാടികൾ അവസാനിപ്പിച്ച് വീട്ടിലെത്തുമ്പോൾ, വീട്ടിലും പരിസരത്തും ജനങ്ങൾ തിങ്ങി നിറഞ്ഞിരിയ്ക്കുന്നു. എല്ലാവരുടേയും മുഖത്ത് ദു:ഖഭാരം. ഓഫീസർ ഒന്നു പകച്ചു, പിന്നെ വീടിനുള്ളിലേയ്ക്ക് പാഞ്ഞു ചെന്നു. അവിടെ ഭാര്യ നിലത്തു കിടന്നു കരയുകയാണ്. ഭർത്താവിനെ കണ്ടതും, ഭാര്യ കൂടുതൽ ഉച്ചത്തിൽ നിലവിളിച്ചു കൊണ്ട് പറഞ്ഞു

" നമ്മുടെ മോളു പോയേ...."

ഓഫീസർക്ക് ഇപ്പോഴും കാര്യം വ്യക്തമായില്ല, സംശയത്തൊടെ നോക്കുന്ന ഭർത്താവിനു നേരേ ഭാര്യ ഒരു കത്തു നീട്ടിക്കൊണ്ട് പറഞ്ഞു

" നമ്മുടെ മോളീ കത്തെഴുതി വച്ചിട്ട് അപ്പുരത്തെ സുമേഷിൻറ്റെ കൂടെ ഒളിച്ചോടിപ്പോയി"

അയാൾ ആ കത്ത് വാങ്ങി വിശദമായി വായിച്ചു നോക്കി. കാര്യങ്ങൾ വ്യക്തമാകാനാവാം ഒരു വട്ടം കൂടി വായിച്ചു, അതിനു ശേഷം ഭാര്യയെ നോക്കി കടുത്ത നിരാശയോടെ പറഞ്ഞു

" ശ്ശോ, അവളു ഡേറ്റ് തെറ്റിച്ചാ ഇട്ടിരിയ്ക്കുന്നത്"!!!!

ഗുണപാഠം: നിങ്ങൾക്ക് ഏറ്റവും സമർത്ഥനും, ബുദ്ധിമാനും, രസികനും, എല്ലാം തികഞ്ഞവനുമായ വ്യക്തിയെ കാണാനാവുന്നത്,നിങ്ങളുടെ പ്രതിബിംബം പ്രതിഫലിയ്ക്കുന്ന കണ്ണാടിയിൽ മാത്രമാണ്. എല്ലാക്കാര്യങ്ങളും രസകരമായ തമാശകളായി നമുക്കെടുക്കുവാൻ സാധിയ്ക്കും, പക്ഷേ അത് മറ്റൊരാളെപ്പറ്റിയുള്ളതാവണമെന്നു മാത്രം.

No comments:

Post a Comment