Friday, December 25, 2015

പിറന്നാൾ സമ്മാനം

തങ്ങളുടെ പ്രിയങ്കരനായ മേലധികാരിയ്ക്ക് സഹപ്രവർത്തകർ എല്ലാവരും ചേർന്ന് ഒരു പിറന്നാൾ സമ്മാനം നല്കി.



അതിമനോഹരമായി പൊതിഞ്ഞ ആ പെട്ടി ഓഫീസ്സിൽ സംഘടിപ്പിച്ച ചെറിയ ചായസൽക്കാരത്തിനിടയിലെ കരഘോഷങ്ങൾക്ക് നടുവിൽ വച്ച് അദ്ദേഹത്തിനു കൈമാറി.

തനിയ്ക്ക് ലഭിച്ച സമ്മാനം എന്തെന്നറിയുവാനുള്ള ആഗ്രഹം ഉള്ളിൽ നിറഞ്ഞെങ്കിലും, മേലധികാരിയുടെ ജാഡ അതവിടെ വച്ച് തുറക്കാൻ അദ്ദേഹത്തെ അനുവദിച്ചില്ല. എങ്കിലും എന്തെന്നറിയുവാനായി മെല്ലെ ആ പാക്കറ്റ് ആരുടെയും ശ്രദ്ധയിൽ പെടാതെ ഒന്ന് കുലുക്കി നോക്കി; പിന്നെ മുന്നിലുള്ള മേശയിൽ വയ്ക്കാൻ തുടങ്ങിയപ്പോൾ വിരലിലും, പെട്ടിയുടെ ഒരു മൂലയ്ക്കും ചെറിയ നനവ് അനുഭവപ്പെട്ടു.

ഇതോടെ അദ്ദേഹത്തിൻറ്റെ നിയന്ത്രണം നഷ്ടമായി, ആ നനഞ്ഞ വിരലുകൾ മണത്തു കൊണ്ടദ്ദേഹം തിരക്കി 
" ഒരു കുപ്പി വൈൻ ?" 

"അല്ല" 

സഹപ്രവർത്തകർ ചെറുചിരിയോടെ കോറസ്സ് ആയി പറഞ്ഞു.

പെട്ടിയുടെ നനവുള്ള ഭാഗത്ത് വിരലുകൾ അല്പ്പം അമർത്തി തുടച്ച് അദ്ദേഹം ആ വിരലുകൾ നുണഞ്ഞ് വിശദമായ പരിശോധനയ്ക്ക് ശേഷം വിജയിയെ പോലെ പ്രഖ്യാപിച്ചു 

" ഒരു കുപ്പി സ്കോട്ടിഷ് സ്കോച്ച് "

ഇത്തവണ സഹപ്രവർത്തകരിലും പൊട്ടിച്ചിരി ഉണർന്നു, അവർ തെല്ലമ്പരപ്പോടെ പറഞ്ഞു 

"അല്ല"

മേലധികാരി ഇത്തവണ വിടാൻ ഒരുക്കമല്ലായിരുന്നു, 

"ഞാൻ പറഞ്ഞതാണ് ശരി അതിനായി ബറ്റ് വയ്ക്കാൻ തയ്യാറാണ് "

എന്ന വെല്ലുവിളിയൊടെ അദ്ദേഹം ആ പെട്ടിയുടെ അലങ്കാരച്ചുറ്റുകൾ വലിച്ച് മാറ്റി ഉള്ളിലേയ്ക്ക് നോക്കി..

അവിടെ ഒരു ചെറിയ സുന്ദരൻ പോമറേനിയൻ നായക്കുട്ടി അദ്ദേഹത്തെ നോക്കി തന്റെ കുട്ടിവാൾ ആട്ടുന്നുണ്ടായിരുന്നു!!!!

നളന്ദ : മതത്തിന് വേണ്ടി തീയിട്ട വിജ്ഞാന ഭണ്ടാരം


ലോകത്തിലെ ആദ്യത്തെയും പുരാതന ഭാരതത്തിലെ ഏറ്റവും വലിയതും മഹത്തായതും ആയ ഒരു സർവകലാശാലയായിരുന്നു നളന്ദ. 

ലോകത്തെ ആദ്യ അന്താ‍രാഷ്ട്ര റെസിഡെൻഷ്യൽ സർവകലാശാലയായി കണക്കാക്കുന്നു. ഹിന്ദു മത ,ബുദ്ധമത ,സംസ്കൃത വൈജ്ഞാനിക കേന്ദ്രമായിരുന്ന നളന്ദ ബിഹാറിന്റെ തലസ്ഥാനമായ പറ്റ്നക്ക് 55 മൈൽ തെക്കുകിഴക്കായാണ്‌ സ്ഥിതി ചെയ്തിരുന്നത്. അഞ്ചാം നൂറ്റാണ്ടിൽ ഗുപ്തസാമ്രാജ്യത്തിനു കീഴിലാണ് നളന്ദ സർവകലാശാല ജന്മമെടുക്കുന്നത്. ഗുപ്തസാമ്രാജ്യത്തിലെ നരസിംഹഗുപ്തൻ (നരസിംഹബാലാദിത്യൻ) ആണ്‌ ഇത് പണികഴിപ്പിച്ചത്. 

ലോകമെമ്പാടുമുള്ള രണ്ടായിരത്തോളം അദ്ധ്യാപകരും പതിനായിരത്തോളം വിദ്യാർത്ഥികളും ഇവിടെ ഉണ്ടായിരുന്നു. ഇവിടെത്തന്നെ താമസിച്ചായിരുന്നു അവർ പഠിച്ചിരുന്നത്. 427 മുതൽ 1197 വരെയുള്ള എണ്ണൂറു വർഷക്കാലത്തോളം നളന്ദ പ്രവർത്തിച്ചു.. ബീഹാറിലെ പട്നയിൽ നിന്ന് 70 കി.മീ അകലെ രാജ്ഗീറിൽ ആയിരം ഏക്കറിൽ ആണ് സർവകലാശാല പുനർനിർമ്മിക്കപ്പെടുന്നത്.

ഏഷ്യയിലെ 16 രാജ്യങ്ങൾക്ക് സ്വന്തമായ ഒരു സർവകലാശാല ആയിരിക്കും ഇനി നളന്ദ. ഏഴാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരി ഷ്വാൻ ത് സാങ് നളന്ദയിലെത്തുകയും ഇവിടെ അദ്ധ്യയനം നടത്തുകയും ചെയ്തിരുന്നു. അദ്ദേഹം നാളന്ദയെപ്പറ്റി ഇങ്ങനെ അഭിപ്രായപ്പെടുന്നു:- "അത്യധികം കഴിവും ബുദ്ധിശക്തിയു- മുള്ളവരായിരുന്നു ഇവിടത്തെ അദ്ധ്യാപകർ. അവര്‍ സംസ്കൃതത്തില്‍ അഗ്രഗന്യര്‍ ആയിരുന്നു 

അവിടെ ഹൈന്ദവ സസ്കാരത്തിനെ മഹത്വം വിളിച്ചോദിയിരുന്നു .. അവിടെ ഹൈന്ദവ ,ബുദ്ധ മതങ്ങളെ കുറിച്ചു വലിയ പഠനം കാണാന്‍ കഴിഞ്ഞു ..ഇങ്ങനെ ഒരു സര്‍വ കലാശാല ഉള്ള ഒരു രാജ്യം ലോകത്തിന്റെ നെറുകയില്‍ എത്തുന്ന കാലം വിദൂരം അല്ല ..... കർശനമായ നിയമങ്ങളായിരുന്നു ഇവിടെ നടപ്പിലാക്കിയിരുന്നത്. ഏവരും അത് പാലിച്ചു പോന്നിരുന്നു. പകൽ സമയം മുഴുവനും ചർച്ചകൾ നടന്നിരുന്നു. ചെറുപ്പക്കാരും മുതിർന്നവരും പരസ്പരം സഹായിച്ചിരുന്നു. വിവിധ നഗരങ്ങളിൽ നിന്നുള്ള അഭ്യസ്തവിദ്യരായ ആളുകൾ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്നതിനായി നളന്ദയിലെത്തിയിരുന്നു. പുതിയ ആളുകളെ അകത്തേക്ക് കടക്കുന്നതിനു മുൻപ് കാവൽക്കാരൻ ചില വിഷമകരമായ ചോദ്യങ്ങൾ ചോദിച്ചിരുന്നു. ഇതിന് ഉത്തരം നൽകാൻ സാധിക്കുന്നവരെ മാത്രമേ അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളൂ." ഒരു കവാടമുള്ളതും ഉയർന്ന മതിലുകൾ കെട്ടി വേർതിരിച്ചതുമായിരുന്നു 

സർവകലാശാലയുടെ പറമ്പ്. ആയിരക്കണക്കിന് സംസ്കൃത ഗ്രന്ഥങ്ങളുണ്ടായിരുന്ന ഗ്രന്ഥശാല ഒരു ഒമ്പതുനിലക്കെട്ടിടത്തിലായിരുന്നു നിലനിന്നിരുന്നത. നൂറു പ്രഭാഷണശാലകളുണ്ടായിരുന്ന നളന്ദയിൽ ഏതാണ്ട് പതിനായിരം വിദ്യാർത്ഥികൾ ഒരേ സമയം പഠിച്ചിരുന്നു. പ്രന്ത്രണ്ടു വർഷത്തെ പാഠ്യപദ്ധതിയായിരുന്നു 

ഇവിടെയുണ്ടായിരുന്നത്. വിദ്യാഭ്യാസം സൗജന്യവുമായിരുന്നു. സർവകലാശാലയുടെ പ്രവർത്തനത്തിന്‌ നൂറോളം ഗ്രാമങ്ങളിൽ നിന്ന് ധനസഹായം ലഭിച്ചിരുന്നു. നളന്ദ സര്‍വകലാശാലയുടെ നാശം വിതച്ച കൊടുങ്കാറ്റു വീശിയത് ഭല്‍ത്തിയാര്‍ കില്‍ജി എന്ന മത ഭീകരന്‍ ആയിരുന്നു. ഭല്‍ത്തിയാര്‍ കല്‍ജി ഡെല്‍ഹി ആക്രമിച്ചു കീഴടക്കിയ ഇസ്ളാമിക ഭരണകൂടത്തിന്റെ ജനറല്‍ ആയിരുന്നു. 1192 ഇല്‍ ആണ് ലോകത്തിന്റെ ബൌദ്ധിക സമ്പത്തിനെ എന്നേക്കും ആയി നശിപ്പിച്ച ആ കുപ്രസിദ്ധ ആക്രമണം നടന്നത്. പ്രഥ്വി രാജ് ചൌഹാന്‍റെ ‘കരുണ’ കൊണ്ട് മാത്രം രക്ഷപ്പെട്ട മുഹമ്മദ് ഘോറി എന്ന ആക്രമണ കാരിയുടെ വാള്‍മുനയില്‍ ഈ ബൌദ്ധിക സൌധം തകര്‍ന്നടിയുകയായിരുന്നു. 

പതിനാറു തവണ ആക്രമിച്ചപ്പോഴും മാപ്പേക്ഷിച്ചതിന്റെ പേരില്‍ ജീവന്‍ തിരിച്ചു കിട്ടിയ മുഹമ്മദ് ഘോറി തന്റെ പതിനേഴാമത്തെ ആക്രമണത്തില്‍ ആണ് പ്രഥ്വിരാജ് ചൌഹാന്‍ എന്ന മഹാനേ തോല്‍പ്പിച്ചത് എന്നു ചില ചരിത്രകാരന്‍മാര്‍ പറഞ്ഞതായി കാണാം . അതും ചതി പ്രയോഗത്തിലൂടെ. ചരിത്ര രേഘകളില്‍ ഒരു തവണ പ്രഥ്വീരാജിന്റെ രാജ സന്നിധിയില്‍ എത്തിച്ച മുഃഹമ്മദ് ഘോറിയെ, മാപ്പ് ചോദിച്ചതിന്റെ പേരില്‍ വെറുതെ വിട്ടത് കാണാം. 

1193 ഇല്‍ നടന്ന ആക്രമണത്തില്‍ പ്രതിവിരാജ് പരാജയപ്പെടുകയും മുഹമ്മദ് ഘോറി തന്റെ സാമ്രാജ്യം ഡല്‍ഹിയില്‍ സ്ഥാപിക്കുകയും ചെയ്തു, 1192 എന്ന വര്‍ഷം ഇന്ദിയയിലെ ഇസ്ളാമിക വല്‍ക്കരണത്തിന്റെ തുടക്കമായി വിശേഷിക്കപ്പെടുന്നു. അതിനു ശേഷം കുത്തബ്-ഉദ്-ദിന്‍ ഐബക്കിനെ ഡല്‍ഹിയുടെ സുല്‍ത്താനായി പ്രഖ്യാപിക്കുകയും ചെയ്തു.ഡെല്‍ഹിയുടെ സുല്‍ത്താനായെങ്കിലും കുത്തബുദ്ദീന്‍ അതില്‍ സന്തോഷവാന്‍ ആയിരുന്നില്ല. മറ്റിടങ്ങളും കൈ അടക്കുവാന്‍ കുത്തബുദ്ദീന്‍ ഭല്‍ത്തിയാര്‍ കില്‍ജിയെ തന്റെ ദര്‍ബാറില്‍ വരുത്തി ഇപ്രകാരം പറഞ്ഞു : “ കില്‍ജി,ഞാന്‍നിന്നോടു ആഞ്ജാപിക്കുന്നു. നീ ബെങ്കാളിന്റെ തീരം വരെ മാര്‍ച്ച് ചെയ്യുകയും ഈ കാഫിറുകളുടെ ദേശം മുഴുവന്‍ എന്റെ ഭരണത്തിന്‍ കീഴില്‍ കൊണ്ട് വരികയും വേണം. പ്രവാചകന്റെ വാക്കുകള്‍ ഈ കാഫിറുകളുടെ ദേശത്തു വ്യാപിക്കാനുള്ള സമയം ആയി.” ഇത് കേട്ട കില്‍ജി അത്യന്തം സന്തോഷവാനായി, തന്റെ ദൈവ പുസ്തകത്തിലെ വരികള്‍ ലോകം മുഴുവനും വ്യാപിക്കണം എന്നു ഇത്രയും തീവ്രമായി ( വാള് കൊണ്ട് ) പ്രചരിപ്പിക്കണം എന്നു വിശ്വസിച്ച വേറെ ഒരു ‘വ്യക്തി’ ഉണ്ടോ എന്നു സംശയമാണ്. 

കില്‍ജി തന്റെ സുല്‍ത്താന്‍റെ ആഞ്ച അനുസരിച്ചു ബംഗാളിന്റെ കിഴക്ക് ഭാഗത്തേക്ക് മാര്‍ച്ച് ചെയ്തു. അവിടെ ഉള്ള ജനങ്ങളെ കൊല്ലുവാനും സ്വത്ത് കൈയടക്കുവാനും കില്‍ജിവിചാരിച്ചതിലും എളുപ്പമായിരുന്നു. തന്റെ കൈയിലുള്ള സൈന്യ ബാഹുല്യവും പല രാജ്യങ്ങളും തങ്ങളുടെ രാജ്യ ധര്‍മം ഭരണമായി കാണുന്നത് കൊണ്ട് അവരുടെ കയ്യിലുള്ള സൈന്യ ബലം കുറവായതും കല്‍ജിക്ക് കാര്യങ്ങള്‍ അനായാസമാക്കി .

ഗംഗാ നദി തീരത്ത് കൂടി ഉള്ള തന്റെ സൈന്യ വിഹാരം ആക്രമിച്ചു കീഴടക്കി ഇന്ന് ബീഹാര്‍ എന്നറിയപ്പെടുന്ന ‘മഗധ’ എന്ന സ്തലത്തെത്തുകയും അവിടെ കണ്ട നളന്ദ സര്‍വകലാശാലയെ കണ്ടു അദ്ദേഹം സ്തംഭിച്ചു പോയി എന്നു ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു. അതിനെ കുറീച് കൂടുതല്‍ അറിയാന്‍ കില്‍ജി തന്റെ ഒരു ഭടനായ അഹമ്മദിനെ ഏല്‍പ്പിച്ചു. അഹമ്മദ് അങ്ങിനെ നളന്ദയുടെ കവാടത്തില്‍ എത്തുകയും അവിടെ വെച്ചു ഒരു കാവല്‍ക്കാരന്‍ അദ്ദേഹത്തെ തടഞ്ഞു ചില ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു. . 

കാവല്‍ക്കാരന്‍ ചോദിച്ച ചോദ്യങ്ങള്‍ അവിടെ കടന്നു വരുന്ന ‘അന്വേഷികളോട് ‘ സാധാരണയായി ചോദിക്കുന്ന ചോദ്യങ്ങള്‍ ആയിരുന്നു. മായ, ധര്‍മം , ദൈവം എന്നിവയെ കുറിച്ചായിരുന്നു ചോദ്യവും, അതിനുത്തരം നല്കാന്‍ കഴിയാതെ ആ ഭടന്‍ തിരിച്ചു പോവുകയായിരുന്നു.ചോദ്യത്തിന് ഉത്തരം കിട്ടാതെ അഹമ്മദ് തന്റെ സേനാ നേതാവിനോടു അവിടെ നടന്ന കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു.

ഇത്കില്‍ജിയെ ചൊടിപ്പിക്കുകയും അദ്ദേഹം തന്നെ സര്‍വകലാശാലയുടെ കവാടത്തില്‍ എത്തുകയും കാവല്‍ കാരന്‍ ചോദ്യം ആവര്‍ത്തിക്കുകയും ചെയ്തു.ഉത്തരം ഇല്ലാതിരുന്ന കില്‍ജി തന്റെ വാള് കൊണ്ട് കാവല്‍ക്കാരന് ഉത്തരം കൊടുത്തു . അറിവിന്റെ മഹാസാഗരത്തിന്റെ നെറുകയില്‍ വീണ ആദ്യ ആക്രമണം ആയിരുന്നു അത്. 

തന്റെ സേനയോട് സര്‍വകലാശാല ആക്രമിക്കാനും അവിടെ ഉള്ള ഒരു ‘കാഫിറിനെ’ പോലും വെറുതെ വിടരുത് എന്നു ആക്രോശിക്കുകയും ചെയ്തു. ഇത് കേട്ട സൈനികര്‍ തങ്ങളുടെ കടമ നിര്‍വഹിക്കുകയും അവിടെ ഉള്ള അദ്ധ്യാപകരെയും വിദ്യാര്‍ഥികളെയും ഒരു കരുണയുമില്ലാതെ വെട്ടി കൊന്നു തുടങ്ങി. 

ഒരു തരത്തിലുള്ള പ്രതിരോധവും കല്‍ജിയുടെ പട്ടാളം നേരിട്ടില്ല എന്നുള്ളത് ശ്രദ്ധേയമായ വിഷയം ആണ്. അവിടെ ഉള്ള മിക്കവാറും ആളുകള്‍ ബുദ്ധ ജൈന സന്യാസികളും വിദ്യാര്‍ത്തികളും ആയതും പിന്നെ അവിടം പവിത്രമായ സ്ഥലമായതും കല്‍ജിക്ക് കാര്യങ്ങള്‍ വളരെ സുഗമമാക്കി കൊടുത്തു. അവിടെ ഉണ്ടായിരുന്ന ഒരു വിദ്യാര്‍ഥിയും അദ്ധ്യാപകനും രക്ഷപ്പെടാന്‍ സാധിച്ചില്ല എന്നുള്ളത് ശ്രദ്ധേയമാണ്. 

അങ്ങിനെ കില്‍ജിയും സൈന്യവും നളന്ദയിലെ ആ വലിയ പുസ്തക ശാലയ്ക്ക് മുന്‍പിലെത്തുക്‍യും പുസ്തകശാലയിലെ ഒരു മുതിര്‍ന്ന സന്യാസി കില്‍ജിയോട് കരഞ്ഞു അപേക്ഷിക്കുകയും ചെയ്തു ” പുസ്തകങ്ങള്‍ താങ്കളെ ഒന്നും ചെയ്യുകയില്ല. താങ്കള്‍ പുസ്തക ശാലയെ ഒന്നും ചെയ്യരുതെന്ന് അഭ്യര്‍ഥിക്കുന്നു”. ഈ അഭ്യര്‍ഥന ചെവിക്കൊള്ളാതെ കല്‍ജി തന്റെ അനുയായികളോട് പുസ്തക ശാലയ്ക്ക് തീ വെക്കാന്‍ ആഞ്ജാപ്പിച്ചു. 

അങ്ങിനെ ലോകത്തിന്റെ സ്വത്തായ ആ മഹത്തായ പുസ്തക ശാല ചില കിരാതന്‍മാരുടെ കൈയിലൂടെ കത്തി നശിച്ചു. ചരിത്രകാരന്‍മാര്‍ പറയുന്നതു മൂന്നു മാസത്തോളം ആ പുസ്തക ശാല കത്തി എന്നാണ്. മാനവ ശേഷിക്ക് ഉപകാരപ്പെടുന്ന പല കണ്ടു പിടിത്തങ്ങളും പല രചനകളും അങ്ങിനെ കത്തി ചാമ്പലായി. 

ഈ ആക്രമണം ഇന്ത്യയിലെ ബുദ്ധമതത്തിന്റെ പതനത്തിന്റെ തുടക്കം കുറിക്കുകയും ബുദ്ധ സന്യാസിമാരുടെ കൂട്ട കൊലപാതകത്തിന്റെ ഹേതു ആവുകയും ചെയ്തു. ഈ ആക്രമണം തന്നെ ആണ്, ഇന്ത്യയില്‍ അഭാരതീയ മതങ്ങളുടെ സ്വാധീനത്തിനും വഴി തെളിച്ചത്.

ജന്മദിനാഘോഷം

ഒരു പ്രിയസുഹൃത്തിന്റെ പിറന്നാൾ ദിനത്തിൽ അവനെ തേടി ഇറങ്ങിയതാണ്; പതിവായി കാണാറുള്ള സ്ഥലങ്ങളിലൊന്നും കാണാതെ വന്നപ്പോൾ കുന്തം പോയാല... എന്ന തത്വത്തിൽ, അവസാനത്തെ സാദ്ധ്യത ആയ സിൽവർസാൻഡ് ബാറിൽ കുന്തം തേടിയെത്തി. അതാ അവിടെ ഒരു മൂലയിൽ ആൾ സാമാന്യം ഭംഗിയായി മിനുങ്ങിയിരിയ്ക്കുന്നു.

"പിറന്നാളായിട്ട് ബാറിലെന്താ, അതും ഒറ്റയ്ക്ക്?" ചോദിയ്ക്കാതിരിയ്ക്കാൻ കഴിഞ്ഞില്ല.

മദ്യത്തിന്റെ ചുവയുള്ള ഭാഷയിൽ മറുപടി കിട്ടി "വീട്ടിൽ ആകെ കലിപ്പാണളിയാ...."

"ആര് ? ഭാര്യയോ?" 

"ആ.. അവളുമുണ്ട്, അത് ഈ പെണ്ണൂങ്ങടെ സ്വഭാവം അങ്ങനാ..പറഞ്ഞ വാക്കിൽ നിക്കത്തില്ല, അത് വിട്, ഇതിപ്പോ നമ്മുടെ വീട്ടുകാരും, അവക്കടെ വീട്ടുകാരും,എല്ലാരും ചേർന്നാ പൊരിച്ചിൽ"

"എന്താ പുതിയ പുകില് ?"

അതിപ്പോ, പിറന്നാളായിട്ട് എനിയ്ക്കെന്താ എന്ന് അവളോട് ഞാൻ ചോദിച്ചു. അപ്പോൾ അവൾ എണീറ്റ് രണ്ടു കയ്യും എന്റെ കഴുത്തേക്കൂടിട്ട് ഒരു ഡയലോഗ് " ഇന്നത്തെ ദിവസം നിനക്കിഷ്ടമുള്ളതെന്തും ചെയ്ത് കൊള്ളൂ...ഇതാ ഞാൻ എന്നെ നിനക്കങ്ങ് തന്നിരിയ്ക്കുന്നു" എന്ന് .

"ആഹാ... അടിപൊളി; ഇത് പോലൊരു പിറന്നാൾ സമ്മാനം കിട്ടാൻ ചെയ്യണം മോനേ ....; നീ അത് പരമാവധി പ്രയോജനപ്പെടുത്തി കാണും, നീ ആരാന്ന് നമുക്കറിയില്ലേ " 

പിന്നേ... എപ്പോ മുതലെടുത്തെന്ന് ചോദിച്ചാൽ പോരേ... ഞാനുടൻ തന്നെ അവളെ അവടെ വീട്ടിൽ കൊണ്ടാക്കി!!!!!

ങേ???

അത്രേ ഞാൻ ചെയ്തുള്ളൂ , അതിനാ അവരെല്ലാം കൂടി എന്റെ തോളേൽ കേറാൻ വരുന്നത്...

ശരിയാടാ..ഈ പെണ്ണൂങ്ങളുടെ സ്വഭാവം പഠിച്ചെടുക്കാൻ വലിയ പാടാ... നീ ഒരു ഫുൾ കൂടെ പറ.....

Friday, October 31, 2014

ഗതിമാറ്റം ( Twist )

ഒരു അവിഹിതബന്ധം, ഭർത്താവ് ജോലിയ്ക്കും മകൻ കളിയ്ക്കാൻ പുറത്തും പോയ സമയത്ത് സ്ത്രീ അവളുടെ കാമുകനെ സ്വീകരിച്ചു. എന്നാൽ പെട്ടെന്ന് അവളുടെ ഭർത്താവ് പുറത്ത് വന്നു ബല്ലടിച്ചു. അവൾ ജാരനെ ഒരു ബാത്ത് റൂമിലെ ഇരുളിൽ ഒളിപ്പിച്ചു, എന്നാൽ കളിയ്ക്കാൻ പുറത്ത് പോയി എന്ന് കരുതിയിരുന്ന മകൻ ആ മുറിയിലെ ഇരുട്ടിൽ ഒളിച്ചിരുപ്പുണ്ടായിരുന്നു. 

അവൻ കടന്നു വന്ന ആളിനോട് ചോദിച്ചു "നല്ല ഇരുട്ടാണല്ലേ?"


അയാൾ പ്രതികരിച്ചു "അതേ"


കുട്ടി വീണ്ടും " എന്റെ കയ്യിൽ ഒരു ക്രിക്കറ്റ് ബാൾ ഉണ്ട്"


ആഗതൻ " കൊള്ളാം"


കുട്ടി " നിങ്ങൾക്ക് അത് ഞാൻ വിൽക്കാം"


ആഗതൻ " വേണ്ട, ഞാൻ ക്രിക്കറ്റ് കളിക്കാറില്ല"


കുട്ടി " ശരി, അച്ഛൻ പുറത്തുണ്ട്, വങ്ങാൻ ആരെയെങ്കിലും കിട്ടുമോ എന്ന് ചോദിയ്ക്കാം"


ആഗതൻ " വേണ്ട, വിലയെത്രയാ?"


കുട്ടി " 2000 രൂപ"


ആഗതൻ " ശരി, ഞാൻ വാങ്ങിയിരിയ്ക്കുന്നു"


തന്റെ അവസരം നഷ്ടപ്പെടുത്തേണ്ട, ആ സ്ത്രീയെ ഭയപ്പെടുത്തേണ്ട എന്നൊക്കെ കരുതി ജാരൻ അത് രഹസ്യമാക്കി വച്ചു. അതിനാൽ തന്നെ കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഇതേ സന്ദർഭം വീണ്ടുമെത്തി.


ഇത്തവണ കുട്ടി ആരംഭിച്ചു."നല്ല ഇരുട്ടാണല്ലേ?"


അയാൾ പ്രതികരിച്ചു "അതേ"


കുട്ടി വീണ്ടും " എന്റെ കയ്യിൽ ഒരു ക്രിക്കറ്റ് ബറ്റ് ഉണ്ട്"


ആഗതൻ " കൊള്ളാം"


കുട്ടി " നിങ്ങൾക്ക് അത് ഞാൻ വിൽക്കാം"


ആഗതൻ " വിലയെത്രയാ?"


കുട്ടി " 10,000 രൂപ"


ആഗതൻ " ശരി, ഞാൻ വാങ്ങിയിരിയ്ക്കുന്നു"


കുറച്ച് ദിവസങ്ങൾക്ക് ശേഷം ഒരു ദിവസം വൈകിട്ട് അച്ഛൻ മകനെ വിളിച്ചു പറഞ്ഞു " ഇന്ന് നമുക്ക് പുറത്ത് പോയി ക്രിക്കറ്റ് കളിയ്ക്കാം, നീ ബാറ്റും ബാളുമായി വരൂ"


കുട്ടി " അച്ഛാ ഞാൻ അത് വിറ്റു"


അച്ഛൻ " എത്രയ്ക്ക്?"


കുട്ടി " 12,000 രൂപയ്ക്ക്"


അച്ഛൻ " നീ കൂട്ടുകാരെ ഇങ്ങനെ കബളിപ്പിയ്ക്കാൻ പാടില്ല, അത് 4 ഇരട്ടി വിലയായിപ്പോയി. നിന്നെ ഞാൻ പള്ളിയിൽ കൊണ്ട് പോകാം, നീ അച്ഛനോട് ചെയ്ത തെറ്റ് ഏറ്റ് പറഞ്ഞ് കുമ്പസാരിയ്ക്കണം"


അച്ഛൻ കുട്ടിയുമായി പള്ളിയിൽ എത്തി, വികാരിയോട് വിവരങ്ങൾ പറഞ്ഞു, ഇരുട്ട് നിറഞ്ഞ അടഞ്ഞ മുറിയിൽ അവർ കുമ്പസാരത്തിനായിരുന്നു.


കുട്ടി അരംഭിച്ചു "നല്ല ഇരുട്ടാണല്ലേ?"


വികാരി വേഗം മറുപടി പറഞ്ഞു " നീ അതെല്ലാം ആദ്യം തൊട്ട് തുടങ്ങേണ്ട, ഇത്തവണ നിനക്കെന്താണു വിൽക്കാനുള്ളത്?"!!!!!


ഗുണപാഠം : പ്രോഗ്രാമുകളിൽ എപ്പോൾ വേണമെങ്കിലും മാറ്റം വരാം, ബേസ്സ് ലൈൻ പോലെ തന്നെ സംഭവിയ്ക്കണമെന്നില്ല.

യന്ത്രം ( Adaptability )

ഒരാൾ ഒരു കള്ളം കണ്ട് പിടിയ്ക്കുന്ന ലൈഡിറ്റക്ടർ വീട്ടിൽ വാങ്ങാൻ തീരുമാനിച്ചു. അതൊരു യന്ത്രമനുഷ്യൻ ആയിരുന്നു, കള്ളം പറയുന്നവരെ ഉടൻ മർദ്ദിയ്ക്കുന്ന ഒരു യന്ത്രം. പൊല്ലാപ്പാണെന്ന് വീട്ടുകാരും കൂട്ടുകാരും വിലക്കിയെങ്കിലും അയാൾ മുന്നോട്ട് പോയി.

വീട്ടിൽ കൊണ്ട് വന്ന യന്ത്രം അയാൾ ആദ്യമായി പരീക്ഷിച്ചത് സ്ക്കൂളിൽ നിന്നു വന്ന മകന്റെയടുക്കൽ ആയിരുന്നു. യന്ത്രത്തിനു മുന്നിൽ നിർത്തി അയാൾ കുട്ടിയോട് ചോദിച്ചു " നീ ഇന്ന് സ്കൂൾ സമയത്ത് എന്ത് ചെയ്യുകയായിരുന്നു?"

കുട്ടി " പഠിയ്ക്കുകയായിരുന്നു"

യന്ത്രം ഉടൻ തന്നെ കുട്ടിയെ തല്ലാനാരംഭിച്ചു. 

ഉടൻ കുട്ടി പറഞ്ഞു " ഞാൻ ഒരു സിനിമയ്ക്ക് പോയിരുന്നു"

അച്ഛൻ " ഏത് സിനിമയ്ക്ക്?"

കുട്ടി " ഹാരി പോട്ടർ"

യന്ത്രം വീണ്ടും കുട്ടിയെ തല്ലാനാരംഭിച്ചു.

കുട്ടി വീണ്ടും തിരുത്തി"അതൊരു ബ്ലൂ ഫിലിം ആയിരുന്നു"

അച്ഛൻ ദേഷ്യത്തോടെ പറഞ്ഞു " ഹും..നിന്റെ ഒക്കെ പ്രായത്തിൽ ബ്ലൂൂഫിലിം എന്തായിരുന്നു എന്ന് പോലും എനിയ്ക്കറിയില്ലായിരുന്നു"

ഇത്തവണ യന്ത്രം അച്ഛനു നേരേ തിരിഞ്ഞ് അടി തുടങ്ങി.

അച്ഛൻ ആകെ ചമ്മി നിൽക്കവേ അമ്മ അതാസ്വദിച്ച് കൊണ്ട് പറഞ്ഞു.

"അവനെങ്ങനെ നേരേയാവാനാ...അവൻ നിങ്ങളുടെ മകനല്ലേ?"

ഒട്ടും തമസിച്ചില്ല, യന്ത്രം ആ സ്ത്രീയെ മർദ്ദിച്ചു.. പിന്നവിടെ ആർ ആരെയൊക്കെ അടിച്ചു എന്ന് പറയാതിരിയ്ക്കുകയാണു ഭേദം, എന്തായാലും അടുത്ത ദിവസം ആ യന്ത്രം അടുത്തുള്ള വേസ്റ്റ് ബോക്സ്സിൽ തകന്ന് കിടപ്പുണ്ടായിരുന്നു.

ഗുണപാഠം : യന്ത്രങ്ങളെയും, അതിലെ പ്രോഗ്രാമുകളേയും ആവശ്യം നോക്കി മാത്രം തിരഞ്ഞെടുക്കുക, ഉപയോഗിയ്ക്കുക.

Tuesday, October 21, 2014

മാനേജ്മെൻറ്റ് പാഠം - 18 (Management Jokes - Human resources)

പറയേണ്ടത് കമ്പനികളുടെ റിക്രൂട്ട്മെൻറ്റിനെ പറ്റി ആണ്, ആയതിനാൽ ഒരു ഹ്യൂമൻ റിസോഷ്സ്സസ്സ് മാനേജർ തന്നെ ആയിക്കോട്ടേ നായകൻ.

ഒരു ദിവസം ഈ എച്ച്.ആർ. മാനേജർ വഴിയിലൂടെ നടക്കവേ, ഒരു വാഹനാപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. ആളു നമ്മുടെ മരണ എച്ച്.ഓ.ഡി.ആയ യമധർമ്മൻറ്റെ കണക്കപ്പിള്ളയായ ചിത്ര്ഗുപ്തൻറ്റെ മുന്നിലേയ്ക്കെത്തപ്പെട്ടു.

ചിത്രൻസ്സ് പറഞ്ഞു " സ്വാഗതം, ഇതുവരെ ഇതുവഴി കടന്നു പോയ എച്ച്. ആർ മാനേജരന്മാർ ആരും സ്വർഗ്ഗത്തിലെത്തിയതായി അറിവില്ല, നിങ്ങളുടേത് എന്താകുമോ? എന്തായാലും എനിക്കു കിട്ടിയിരിയ്ക്കുന്ന നിർദ്ദേശപ്രകാരം നിങ്ങൾക്ക് ആദ്യ ദിവസം നരകത്തിലും, പിന്നത്തെ ദിവസം സ്വർഗ്ഗത്തിലും തങ്ങാം; അതിനു ശേഷം നിങ്ങൾക്ക് തീരുമാനിയ്ക്കാം തുടർന്നങ്ങോട്ട് എവിടെ താമസിയ്ക്കണം എന്ന്!"

മാനേജർ പറഞ്ഞു " അതിലിത്ര ചിന്തിയ്ക്കേണ്ട കാര്യമില്ല, എനിയ്ക്ക് സ്വർഗ്ഗത്തിൽ താമസിച്ചാൽ മതി, വെറുതേ ഒരു ദിവസം കളയേണ്ട"

ചിത്രൻസ്സ് "ക്ഷമിയ്ക്കണം, നിയമങ്ങൾ മാറ്റാനാവില്ല"

ഒരു കാലൻസ്സ് വന്ന് മാനേജരെ കൂട്ടിക്കൊണ്ട് ലിഫ്റ്റിൽ കയറി താഴേയ്ക്ക് പോയി. ലിഫ്റ്റിനു വെളിയിൽ വന്നപ്പോൾ, അന്നുവരെ വിവിധ കമ്പനികളിൽ ഒപ്പം ജോലി ചെയ്തവരും മരണമടഞ്ഞവരുമായവർ സ്വീകരിയ്ക്കാൻ അതിമനോഹരമായ ഒരു റിസോർട്ടിനു മുന്നിൽ കാത്ത് നിൽക്കുന്നു. എല്ലാവരും നല്ല പിക്ക്നിക്ക് വേഷങ്ങളിൽ, പരസ്പരം കെട്ടിപ്പിടിത്തവും, കുശലം ചോദിയ്ക്കലും ഒക്കെ കഴിഞ്ഞ് അവർ വിവിധ വിനോദങ്ങളിൽ ഏർപ്പെട്ടും, മികച്ച ആഹാരവും, മദ്യവും കഴിച്ചപ്പോഴേയ്ക്കും നമ്മുടെ നരകാധിപൻ ചെകുത്താനുമെത്തി, അദ്ദേഹമാണെങ്കിൽ പരമരസികൻ, സരസൻ, രണ്ടാളും കുറേ നേരം സംസാരിച്ചിരുന്നു, ടി.വി കണ്ടു, ആകെ സമയം പോയതറിഞ്ഞില്ല.

കാലൻസ്സ് വീണ്ടും വന്നു. ഇത്തവണ ലിഫ്റ്റിൽ കയറ്റി മുകളിലേയ്ക്ക് കൊണ്ട് പോയി. പിന്നൊരു ദിവസം സ്വർഗ്ഗത്തിൽ,അപരിചിതരുടെ ഇടയിലെങ്കിലും സ്വർഗ്ഗീയ സുഖങ്ങളിൽ ആറാടി സമയം പോയതറിഞ്ഞില്ല.

ഇത്തവണ കാലൻസ്സ് വന്ന് കൂട്ടിക്കൊണ്ട് വന്നത് യമധർമ്മൻറ്റെ അടുത്തേയ്ക്കാണ്. അദ്ദേഹം ചോദിച്ചു "എന്തു തിരഞ്ഞെടുത്തു?"

മാനേജർ പറഞ്ഞു " സംഗതി സ്വർഗ്ഗം രസകരം തന്നെ, എന്നിരുന്നാലും പരിചയക്കാർ നിറഞ്ഞ നരകത്തിൽ ഇനിയങ്ങോട്ട് ജീവിയ്ക്കാൻ ഞാൻ ഇഷ്ട്ടപ്പെടുന്നു"

വീണ്ടും കാലൻസ്സ്; ഇത്തവണ ലിഫ്റ്റിൽ കയറ്റിയ കാലൻ കൂടെ വന്നില്ല. ലിഫ്റ്റിൻറ്റെ വാതിൽ തുറന്നു, പുറത്തിറങ്ങിയപ്പോൾ വിളപ്പിൽശാലയാണോ? ലാലൂരാണോ? എന്നൊരു സംശയം. തിരിഞ്ഞു നോക്കിയപ്പോൾ ലിഫ്റ്റ് പോയിട്ട് റോപ്പ് പോലും അവിടില്ല. തൻറ്റെ കൂടെ ജോലി ചെയ്തിരുന്നവർ ആ മാലിന്യക്കൂമ്പാരത്തിൽ നിന്നും അഴുകിയതും പുഴുത്തതും ഒക്കെ ഭക്ഷിയ്ക്കുന്നു, പിന്നീടത്തേയ്ക്ക് ശേഖരിയ്ക്കുന്നു; എല്ലാവരും കുചേലന്മാർ, അസഹനീയമായ ദുർഗ്ഗന്ധവും. 

ദാ വരുന്നു, ചെകുത്താൻ, അയാൾ വന്നതും നമ്മുടെ മാനേജരുടെ നല്ല വസ്ത്രങ്ങൾ പോയി, ചുറ്റിപ്പിടിച്ച് ഒരു ആക്കിയ ചിരിയും ചിരിച്ച് ആ പഹയൻ അങ്ങനെ നിന്നു.

മാനേജർ വിഷമത്തൊടെ ചോദിച്ചു " ഇന്നലെ ഞാൻ ഇവിടെ വന്നപ്പോൾ ഇവിടം മനോഹരമായിരുന്നു, എൻറ്റെ സുഹൃത്തുക്കൾ നല്ല നിലയിൽ ആയിരുന്നു. നല്ല ഭക്ഷണം, നല്ല സുഗന്ധം, വസ്ത്രങ്ങൾ, ഇന്നാണെങ്കിൽ പരിതാപകരവും, ദുസ്സഹവുമായ അന്തരീക്ഷവും. ഇതെന്താണിങ്ങനെ?"

പൊട്ടിച്ചിരിച്ചു കൊണ്ട് നരകനാഥൻ പറഞ്ഞു " വർഷങ്ങളായി നിങ്ങൾ ചെയ്തിരുന്ന ജോലി നിങ്ങൾ മറന്നു പോയി; ഞാനോർമ്മിപ്പിയ്ക്കാം, ഇന്നലെ ഞങ്ങൾ നിങ്ങളെ റിക്രൂട്ട് ചെയ്യുകയായിരുന്നു, ഇന്നു നിങ്ങൾ ഇവിടുത്തെ സ്റ്റാഫാണ്!!!!!!" 


ഗുണപാഠം : തൊഴിലുടമുയുടേയും, ഇടനിലക്കാരുടേയും വാഗ്ദാനങ്ങൾ, കമ്പനിയുടെ സേവനവേതന വ്യവസ്ഥ, രീതികൾ എന്നിവ ശരിയായി ഗ്രഹിച്ച ശേഷം മാത്രമേ തൊഴിൽ കരാറിൽ ഏർപ്പെടാവൂ; പലപ്പോഴും വാഗ്ദാനം ചെയ്യുന്ന കാര്യങ്ങൾ ലഭിച്ചെന്നു വരില്ല.
============================================

പതിനെട്ട് പടി കയറിയില്ലേ? ഇനി...
തത്വമസ്സി ( അത് നീയാകുന്നു)!

============================================

മാനേജ്മെൻറ്റ് പാഠം - 17 (Management Jokes - Traditions)

കഥയുടെ അന്ത്യത്തിൽ കാര്യം മനസ്സിലാവും, അതിനാൽ ചോദ്യം പാടില്ല.

ഒരു കൂട്ടിൽ 5 കുരങ്ങന്മാരെ അടയ്ക്കുന്നു. കൂടിൻറ്റെ മധ്യത്തായി ഒരു പടല പഴം തൂക്കിയിടുന്നു. അതിനു താഴെയായി രണ്ട് സെറ്റ് ഏണികൾ വയ്ക്കുന്നു. വലിയ താമസമില്ലാതെ കൂട്ടത്തിൽ ഏതെങ്കിലും കുരങ്ങ് ഏണിയ്ക്ക് നേരേ നീങ്ങുന്നു. കുരങ്ങ ഏണിയിൽ തൊടുന്നതും മറ്റു കുരങ്ങന്മാരുടെ മേൽ ഐസ്സ് വാട്ടർ കോരി ഒഴിയ്ക്കുക. ഒരു ബഹളം, അതിൽ പേടിച്ച് ഏണിയ്ക്കടുത്ത് പോയ കുരങ്ങനും ഓടിമാറുന്നു.

അൽപ്പം സമയത്തിനു ശേഷം മറ്റൊരു കുരങ്ങൻ കോണിയെ സമീപിയ്ക്കുന്നു, ഏണിയിൽ തൊടുന്നതും മറ്റു കുരങ്ങന്മാരുടെ മേൽ ഐസ്സ് വാട്ടർ കോരി ഒഴിയ്ക്കുക.

ഈ പ്രക്രിയ അൽപ്പം നേരം തുടർന്നാൽ, ഒരു കുരങ്ങൻ ഏണിയ്ക്കു നേരേ നടന്ന് തുടങ്ങുമ്പോഴേ മറ്റ് കുരങ്ങുകൾ അതിനെ തടയും.

ഇനി നമുക്ക് ആ തണുത്ത വെള്ളം അങ്ങു മാറ്റാം. 5 കുരങ്ങന്മാരിൽ ഒന്നിനെ മാറ്റി പുതിയ ഒന്നിനെ കൂട്ടിൽ വയ്ക്കാം. പുതിയ കുരങ്ങൻ പഴം കണ്ടതും ആ കോണിയ്ക്ക് നേരേ നടന്നു തുടങ്ങും, എന്നാൽ അവനെ ഭയപ്പെടുത്തിക്കൊണ്ടും, അത്ഭുതപ്പെടുത്തിക്കൊണ്ടും മറ്റ് കുരങ്ങുകൾ അവനെ ആക്രമിയ്ക്കും. ഓരോ പ്രാവശ്യം അവനത് ചെയ്യാൻ ശ്രമിയ്ക്കുമ്പോഴും അവനു ഉപദ്രവമേൽക്കേണ്ടി വരും.

വീണ്ടും ഒരു പഴയ കുരങ്ങനെ മാറ്റി പുതിയതിനെ കൂട്ടിലടയ്ക്കാം, ഇത്തവണ പുതിയ കുരങ്ങൻ ഏണിയ്ക്ക് നേരേ നടക്കുമ്പോൾ പഴയ മൂന്നു കുരങ്ങന്മാരും അതിനെ തടയും, ഉപദ്രവിയ്ക്കും, പക്ഷേ അവരേക്കാൾ കൂടുതൽ ഉത്സാഹത്തിൽ അത് ചെയ്യുന്നത് തൊട്ട് മുമ്പ് വന്ന പുതിയവൻ ആയിരിയ്ക്കും.

അങ്ങനെ 3 ,4, 5 ഇപ്പോൾ എല്ലാ കുരങ്ങന്മാരും പുതിയതായി, ഓരോ ഏറ്റവും പുതിയ കുരങ്ങനും കോണിയ്ക്ക് നേരേ നടക്കുമ്പോൾ മറ്റുള്ളവർ അവനെ തടയും, ആക്രമിയ്ക്കും, എന്നാൽ ഈ കുരങ്ങന്മാർക്കറിയില്ല എന്തിനാണവനെ തടയുന്നതെന്നും എന്തിനാണവന്ര് തല്ലുന്നതെന്നും,എങ്കിലും അവർ അതിൽ പങ്കെടുക്കുന്നു, അത്രേ ഉള്ളൂ.

ഇപ്പോൾ നനഞ്ഞ ഒരുത്തനും ഇപ്പോൾ കൂട്ടിലില്ല. എങ്കിലും ഒരൊറ്റ കുരങ്ങന്മാർ പോലും ഏണിയ്ക്കു നേരേ പോവുകയോ പഴം തിന്നാൻ ശ്രമിയ്ക്കുകയോ ഇല്ല.

എന്തു കൊണ്ട്?

അതാണു കീഴ്വഴക്കം! ഇവിടെ ഇങ്ങനെയാണു നടന്നു വരുന്നത്, അതിനാൽ ഇങ്ങനെ അങ്ങ് പോവുക.


ഗുണപാഠം : കമ്പനിയുടെ പോളിസ്സികൾ ഉണ്ടാവുന്നത് ഇങ്ങനെയാണ്; പലപ്പോഴും ഗവണ്മെൻറ്റിൻറ്റേയും, കോടതികളുടേയും വരെ പോളിസ്സികൾ ഇങ്ങനെ ഉണ്ടാവുന്നു, ആയതിനാൽ സമൂഹത്തിലെ തുലോം വിവരം കുറഞ്ഞവർ പോലും ഈ മഹത്തായ സ്ഥാപനങ്ങളെ അധിക്ഷേപിയ്ക്കും, കൊക്കൊഞ്ഞാണൻ, പ്രകാശം പരത്തുന്നവൻ എന്നൊക്കെ ഭത്സിയ്ക്കും!