പറയേണ്ടത് കമ്പനികളുടെ റിക്രൂട്ട്മെൻറ്റിനെ പറ്റി ആണ്, ആയതിനാൽ ഒരു ഹ്യൂമൻ റിസോഷ്സ്സസ്സ് മാനേജർ തന്നെ ആയിക്കോട്ടേ നായകൻ.
ഒരു ദിവസം ഈ എച്ച്.ആർ. മാനേജർ വഴിയിലൂടെ നടക്കവേ, ഒരു വാഹനാപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. ആളു നമ്മുടെ മരണ എച്ച്.ഓ.ഡി.ആയ യമധർമ്മൻറ്റെ കണക്കപ്പിള്ളയായ ചിത്ര്ഗുപ്തൻറ്റെ മുന്നിലേയ്ക്കെത്തപ്പെട്ടു.
ചിത്രൻസ്സ് പറഞ്ഞു " സ്വാഗതം, ഇതുവരെ ഇതുവഴി കടന്നു പോയ എച്ച്. ആർ മാനേജരന്മാർ ആരും സ്വർഗ്ഗത്തിലെത്തിയതായി അറിവില്ല, നിങ്ങളുടേത് എന്താകുമോ? എന്തായാലും എനിക്കു കിട്ടിയിരിയ്ക്കുന്ന നിർദ്ദേശപ്രകാരം നിങ്ങൾക്ക് ആദ്യ ദിവസം നരകത്തിലും, പിന്നത്തെ ദിവസം സ്വർഗ്ഗത്തിലും തങ്ങാം; അതിനു ശേഷം നിങ്ങൾക്ക് തീരുമാനിയ്ക്കാം തുടർന്നങ്ങോട്ട് എവിടെ താമസിയ്ക്കണം എന്ന്!"
മാനേജർ പറഞ്ഞു " അതിലിത്ര ചിന്തിയ്ക്കേണ്ട കാര്യമില്ല, എനിയ്ക്ക് സ്വർഗ്ഗത്തിൽ താമസിച്ചാൽ മതി, വെറുതേ ഒരു ദിവസം കളയേണ്ട"
ചിത്രൻസ്സ് "ക്ഷമിയ്ക്കണം, നിയമങ്ങൾ മാറ്റാനാവില്ല"
ഒരു കാലൻസ്സ് വന്ന് മാനേജരെ കൂട്ടിക്കൊണ്ട് ലിഫ്റ്റിൽ കയറി താഴേയ്ക്ക് പോയി. ലിഫ്റ്റിനു വെളിയിൽ വന്നപ്പോൾ, അന്നുവരെ വിവിധ കമ്പനികളിൽ ഒപ്പം ജോലി ചെയ്തവരും മരണമടഞ്ഞവരുമായവർ സ്വീകരിയ്ക്കാൻ അതിമനോഹരമായ ഒരു റിസോർട്ടിനു മുന്നിൽ കാത്ത് നിൽക്കുന്നു. എല്ലാവരും നല്ല പിക്ക്നിക്ക് വേഷങ്ങളിൽ, പരസ്പരം കെട്ടിപ്പിടിത്തവും, കുശലം ചോദിയ്ക്കലും ഒക്കെ കഴിഞ്ഞ് അവർ വിവിധ വിനോദങ്ങളിൽ ഏർപ്പെട്ടും, മികച്ച ആഹാരവും, മദ്യവും കഴിച്ചപ്പോഴേയ്ക്കും നമ്മുടെ നരകാധിപൻ ചെകുത്താനുമെത്തി, അദ്ദേഹമാണെങ്കിൽ പരമരസികൻ, സരസൻ, രണ്ടാളും കുറേ നേരം സംസാരിച്ചിരുന്നു, ടി.വി കണ്ടു, ആകെ സമയം പോയതറിഞ്ഞില്ല.
കാലൻസ്സ് വീണ്ടും വന്നു. ഇത്തവണ ലിഫ്റ്റിൽ കയറ്റി മുകളിലേയ്ക്ക് കൊണ്ട് പോയി. പിന്നൊരു ദിവസം സ്വർഗ്ഗത്തിൽ,അപരിചിതരുടെ ഇടയിലെങ്കിലും സ്വർഗ്ഗീയ സുഖങ്ങളിൽ ആറാടി സമയം പോയതറിഞ്ഞില്ല.
ഇത്തവണ കാലൻസ്സ് വന്ന് കൂട്ടിക്കൊണ്ട് വന്നത് യമധർമ്മൻറ്റെ അടുത്തേയ്ക്കാണ്. അദ്ദേഹം ചോദിച്ചു "എന്തു തിരഞ്ഞെടുത്തു?"
മാനേജർ പറഞ്ഞു " സംഗതി സ്വർഗ്ഗം രസകരം തന്നെ, എന്നിരുന്നാലും പരിചയക്കാർ നിറഞ്ഞ നരകത്തിൽ ഇനിയങ്ങോട്ട് ജീവിയ്ക്കാൻ ഞാൻ ഇഷ്ട്ടപ്പെടുന്നു"
വീണ്ടും കാലൻസ്സ്; ഇത്തവണ ലിഫ്റ്റിൽ കയറ്റിയ കാലൻ കൂടെ വന്നില്ല. ലിഫ്റ്റിൻറ്റെ വാതിൽ തുറന്നു, പുറത്തിറങ്ങിയപ്പോൾ വിളപ്പിൽശാലയാണോ? ലാലൂരാണോ? എന്നൊരു സംശയം. തിരിഞ്ഞു നോക്കിയപ്പോൾ ലിഫ്റ്റ് പോയിട്ട് റോപ്പ് പോലും അവിടില്ല. തൻറ്റെ കൂടെ ജോലി ചെയ്തിരുന്നവർ ആ മാലിന്യക്കൂമ്പാരത്തിൽ നിന്നും അഴുകിയതും പുഴുത്തതും ഒക്കെ ഭക്ഷിയ്ക്കുന്നു, പിന്നീടത്തേയ്ക്ക് ശേഖരിയ്ക്കുന്നു; എല്ലാവരും കുചേലന്മാർ, അസഹനീയമായ ദുർഗ്ഗന്ധവും.
ദാ വരുന്നു, ചെകുത്താൻ, അയാൾ വന്നതും നമ്മുടെ മാനേജരുടെ നല്ല വസ്ത്രങ്ങൾ പോയി, ചുറ്റിപ്പിടിച്ച് ഒരു ആക്കിയ ചിരിയും ചിരിച്ച് ആ പഹയൻ അങ്ങനെ നിന്നു.
മാനേജർ വിഷമത്തൊടെ ചോദിച്ചു " ഇന്നലെ ഞാൻ ഇവിടെ വന്നപ്പോൾ ഇവിടം മനോഹരമായിരുന്നു, എൻറ്റെ സുഹൃത്തുക്കൾ നല്ല നിലയിൽ ആയിരുന്നു. നല്ല ഭക്ഷണം, നല്ല സുഗന്ധം, വസ്ത്രങ്ങൾ, ഇന്നാണെങ്കിൽ പരിതാപകരവും, ദുസ്സഹവുമായ അന്തരീക്ഷവും. ഇതെന്താണിങ്ങനെ?"
പൊട്ടിച്ചിരിച്ചു കൊണ്ട് നരകനാഥൻ പറഞ്ഞു " വർഷങ്ങളായി നിങ്ങൾ ചെയ്തിരുന്ന ജോലി നിങ്ങൾ മറന്നു പോയി; ഞാനോർമ്മിപ്പിയ്ക്കാം, ഇന്നലെ ഞങ്ങൾ നിങ്ങളെ റിക്രൂട്ട് ചെയ്യുകയായിരുന്നു, ഇന്നു നിങ്ങൾ ഇവിടുത്തെ സ്റ്റാഫാണ്!!!!!!"
ഗുണപാഠം : തൊഴിലുടമുയുടേയും, ഇടനിലക്കാരുടേയും വാഗ്ദാനങ്ങൾ, കമ്പനിയുടെ സേവനവേതന വ്യവസ്ഥ, രീതികൾ എന്നിവ ശരിയായി ഗ്രഹിച്ച ശേഷം മാത്രമേ തൊഴിൽ കരാറിൽ ഏർപ്പെടാവൂ; പലപ്പോഴും വാഗ്ദാനം ചെയ്യുന്ന കാര്യങ്ങൾ ലഭിച്ചെന്നു വരില്ല.
============================================
പതിനെട്ട് പടി കയറിയില്ലേ? ഇനി...
തത്വമസ്സി ( അത് നീയാകുന്നു)!
============================================
No comments:
Post a Comment