രണ്ട് യാത്രികർ ഒരു എയർബലൂണിൽ തങ്ങളുടെ സാഹസികയാത്ര ആരംഭിച്ചു. കുറച്ചു ചെന്നപ്പോൾ കാറ്റ് പെട്ടെന്ന് രൂക്ഷമാവുകയും, ഗതി മാറുകയും ചെയ്തു; അതവരുടെ നിയന്ത്രണം നഷ്ടമാക്കി എങ്കിലും അവർ വളരെ കഷ്ടപ്പെട്ട് പവർലയിനുകളിൽ നിന്നും അവരുടെ ബലൂണിനെ രക്ഷിച്ചെടുത്തു. താമസിയാതെ അവർ ബലൂൺ നിയന്ത്രണത്തിലും, ശരിയായ പൊസിഷനിലും ആക്കി, പക്ഷേ ഇതിനകം അവർക്ക് വഴി തെറ്റിപ്പോയിരുന്നു.
കുറച്ചു കൂടി മുന്നോട്ട് പോയപ്പോൾ, അവർ ഒരു നാട്ടുവഴിയുടെ മുകളിലൂടെ പറന്നു തുടങ്ങി. ഈ സമയം ആ വഴിയിലൂടെ ഒരു മാന്യൻ നടന്നു പോകുന്നത് കണ്ട്, ഒരു ബലൂൺ യാത്രികൻ താഴേയ്ക്ക് നോക്കി ഇങ്ങനെ വിളിച്ചു ചോദിച്ചു
" സുഹൃത്തേ, ഞങ്ങൾക്ക് വഴി തെറ്റിയിരിയ്ക്കുന്നു, ഞങ്ങൾ ഇതെവിടെയാണെന്ന് ഒന്നു പറഞ്ഞു തരാമോ?"
താഴെ നടന്നു പോയിരുന്ന മാന്യൻ ചൊദ്യം കേട്ട് ആദ്യം ഒന്നാലോചിച്ചു, പിന്നീട് തഴേയ്ക്ക് നോക്കി, മുകളിലേയ്ക്ക് നോക്കി, വീണ്ടും താഴോട്ട് നോക്കി, ഒടുവിൽ ശൂന്യതയിൽ നോക്കി അൽപ്പസമയം നിന്നു, എന്നിട്ട് മുകളിൽ കേൾക്കത്തക്ക വിധം ഉറക്കെ വിളിച്ചു കൂവി
"നിങ്ങൾ ഒരു ബലൂണിലാണ്"
ചോദ്യം ചോദിച്ചയാൾ എന്തോ മറുപടി പറയാൻ ശ്രമിച്ചു, അപ്പോഴേയ്ക്കും കാറ്റിന്റെ വേഗത കൂടി അവർ ഉയരത്തിലേയ്ക്ക് പറന്നു തുടങ്ങി. അപ്പോൾ മറ്റേ സാഹസികൻ പറഞ്ഞു
" ആ മാന്യൻ തീർച്ചയായും ഒരു മാനേജർ ആയിരിയ്ക്കണം!"
ചോദ്യക്കാരൻ തിരക്കി " എന്തുകൊണ്ട്?"
മറ്റയാൾ മറുപടി പറഞ്ഞു
" അതിനു മൂന്ന് കാരണങ്ങൾ ഉണ്ട്
1. അയാൾ ഒരുത്തരം തരാൻ വളരെയധികം സമയമെടുത്തു.
2. അയാൾ പറഞ്ഞത് പൂർണ്ണമായും ശരിയാണ്.
3. അയാളുടെ ഉത്തരം 100% ഉപയോഗശൂന്യവുമാണ്.
ഗുണപാഠം: ഏല്ലാ ശരിയുത്തരങ്ങളും ഉപയോഗപ്രദ-മാകണമെന്നില്ല, എല്ലാ തെറ്റുത്തരങ്ങളും ഉപയോഗ ശൂന്യവുമാകണമെന്നുമില്ല; ഉദ്ദേശ പൂർത്തികരണത്തിന് ആവശ്യമായ വിവരശേഖരണം അതിലൂടെ സാധ്യമാകുന്നുണ്ടോ എന്നതാണു പ്രധാനം.
No comments:
Post a Comment