അപ്പുക്കുട്ടനും, മാധവനും അടുത്തടുത്ത വീടുകളിൽ ജനിച്ചു, ഒരേ സ്കൂളിൽ പഠിച്ച്, എഞ്ചിനീയറിംഗിനു ചേർന്നപ്പോൾ രണ്ട് ട്രേഡിലായിപ്പോയി, എങ്കിലും സുഹൃത്ത് ബന്ധത്തിന് ഒരു കോട്ടവും ഉണ്ടായില്ല. എങ്കിലും അപ്പുക്കുട്ടൻ അൽപ്പം കഠിനാദ്ധ്വാനിയും, പഠനത്തിൽ മുമ്പനും, മാധവൻ അൽപ്പം പഠനത്തിൽ ഉഴപ്പനും, കളയിലും, കളികളിലും മുമ്പനും ആയിരുന്നു. കാമ്പസ്സ് ഇന്റർവ്യൂ വഴി രണ്ടളും ഒരേ കമ്പനിയിൽ ജോലിയും നേടി.
അവിടേയും അപ്പുക്കുട്ടൻ സ്ഥിരോത്സാഹിയും, മേലധികാരികളുടെ ഗുഡ്ഡ് ബുക്കിലെ അംഗവുമായി, എന്നാൽ മാധവൻ സഹപ്രവർത്തകരുടെ പ്രിയപ്പെട്ടവനും മേലധികാരികൾക്ക് കണ്ണിലെ കരടുമായി തുടർന്നു. ജോലി നേടി 5 വർഷമായെങ്കിലും, പലവട്ടം ആവശ്യപ്പെട്ടിട്ടും, രണ്ടാൾക്കും കാര്യമായ ഉദ്യോഗക്കയറ്റമോ, ശമ്പള വർദ്ധനവോ കിട്ടിയില്ല. അങ്ങനെയിരിയ്ക്കെ മറ്റൊരു കമ്പനിയിൽ ഉയർന്ന പദവിയിലുള്ള അവരുടെ ഒരു സീനിയറെ കണ്ട് അവർ പ്രശ്നമവതരിപ്പിച്ചു.
അദ്ദേഹം ചോദിച്ചു "നിങ്ങൾക്ക് ഒരു അപ്രൈസ്സൽ റിക്വസ്റ്റും, റെസിഗ്നേഷൻ ലെറ്ററും തമ്മിലുള്ള വ്യത്യാസം അറിയാമോ?"
അവരുടെ പരുങ്ങൽ കണ്ട് ചിരിച്ചു കൊണ്ടദ്ദേഹം പറഞ്ഞു.
"നിങ്ങൾ കമ്പനിയോട്, നിങ്ങളുടെ പ്രവർത്തന മികവു പരിഗണിച്ച് ശമ്പള വർദ്ധനവിനും, സ്ഥാനക്കയറ്റവും ആവശ്യപ്പെട്ടെന്നിരിയ്ക്കട്ടെ. കമ്പനി പറയാൻ പോകുന്നത്
1. നിങ്ങളുടെ ബലഹീനതകളും, മുൻപ് ചെയ്ത തെറ്റുകളും, അബദ്ധങ്ങളും, പരാജയങ്ങളും കമ്പനിയെ എത്രമാത്രം പ്രതികൂലമായി ബാധിച്ചു.
2.പ്രമോഷനു പരിഗണിയ്ക്കുവാൻ സാധ്യമല്ല, കാരണം നിങ്ങൾ പ്രതീക്ഷകൾക്കനുസരിച്ച് ഉയർന്നിട്ടില്ല, നിങ്ങൾക്ക് നേതൃത്വ ഗുണം തീരെയില്ല,കമ്പനിയുടെ ലക്ഷ്യങ്ങളും,ഉദ്ദേശങ്ങളും സാധിച്ചെടുക്കുന്നതിൽ നിങ്ങൾക്ക് നിരവധി പോരായ്മകൾ ഉണ്ട്.
3. നിങ്ങൾ 10% ശമ്പളവർദ്ധനവിനു പോലും യോഗ്യനല്ല.
അങ്ങനെ 90% സാധ്യത നിങ്ങൾക്ക് എന്തെങ്കിലും കാര്യമായ ശമ്പളവർദ്ധനവോ, സ്ഥാനക്കയറ്റമോ ലഭിയ്ക്കാതിരിയ്ക്കാനാണ്."
" ഇനി നിങ്ങൾ കമ്പനിയോട്, നിങ്ങളുടെ ചില വ്യക്തിപരമായതോ, മറ്റെന്തെങ്കിലുമോ ബിദ്ധിമുട്ടുകൾ കാരണം രാജി വയ്ക്കുന്നതായും, വിടുതലും ആവശ്യപ്പെട്ടെന്നിരിയ്ക്കട്ടെ. അപ്പോൾ കമ്പനി പറയാൻ പോകുന്നത്
1. നിങ്ങളുടെ ശക്തിയെപ്പറ്റിയും,ബുദ്ധിയെപ്പറ്റിയും,മുൻ കാല വിജയങ്ങളെപ്പറ്റിയും , നിങ്ങൾ കമ്പനിയ്ക്കുണ്ടാക്കിയ നേട്ടങ്ങളെ പറ്റിയും മാത്രമേ പറയുവാനുള്ളൂ.
2.നിങ്ങള് കമ്പനിയുടെ നട്ടെല്ലാണ്, നിങ്ങളാണു കമ്പനിയുടെ വീക്ഷണം, പിന്നെ എങ്ങനെ നിങ്ങൾക്ക് പോകാൻ കഴിയും, നിങ്ങൾ പദ്ധതികലുടെ ഉത്തരവാദിത്വം ചുമലിലേറ്റണം എന്നു മാത്രമല്ല, നിങ്ങളുടെ ജൂനിയേർസ്സിനെ വിജയത്തിലേയ്ക്ക് നയിക്കുകയും വേണം.
3. നിങ്ങൾ 50 - 60% ശമ്പളവർദ്ധനവിനു വരെ യോഗ്യനാണ്."
അങ്ങനെ 90% സാധ്യത നിങ്ങൾക്ക് എന്തെങ്കിലും കാര്യമായ ശമ്പളവർദ്ധനവോ, സ്ഥാനക്കയറ്റമോ ഉടനെ തന്നെ ലഭിയ്ക്കുവാനാണ്."
അവർ രണ്ടാളും ഒന്നിച്ച് നന്ദി പറഞ്ഞു " വളരെ നന്ദി, മനസ്സിലായി സർ, ഒരു അപ്രൈസ്സൽ കിട്ടണമെങ്കിൽ റിസൈൻ ചെയ്യണം"
രണ്ടാളും കമ്പനിയിലെത്തി രാജി സമർപ്പിച്ചു. എല്ലാവരും പ്രതീക്ഷിച്ചത് അപ്പുക്കുട്ടനു പ്രമോഷനോ, ശമ്പളക്കയറ്റമോ, കിട്ടും മാധവനു ജോലി പോകുമെന്നാണെങ്കിലും, നേരേ മറിച്ചാണു സംഭവിച്ചത്.പിന്നീടറിയാൻ കഴിഞ്ഞു, അപ്പുക്കുട്ടൻറ്റെ വിഭാഗം ഇനി മുതൽ കരാറു കൊടുക്കാനും, മാധവൻറ്റെ വിഭാഗത്തിൽ പുതിയ വികസനം നടത്താനുമായിരുന്നു, കമ്പനിയുടെ ഭാവി പദ്ധതി!!!!
ഗുണപാഠം: എത്ര തന്നെ പ്രാവശ്യം വിജയകരമായി നടപ്പാക്കിയ പദ്ധതി ആയാലും, തുടർന്നു ചെയ്യുന്ന, ഓരോ പ്രാവശ്യവും എല്ലാ മുന്നൊരുക്കങ്ങളും നടത്തി, ആദ്യമായി ചെയ്യുന്ന അവധാനതയോടെ വേണം കാര്യങ്ങൾ ചെയ്യാൻ; വളയം ഇല്ലാതെ ചാടരുത്.
No comments:
Post a Comment