Tuesday, October 21, 2014

മാനേജ്മെൻറ്റ് പാഠം - 8 (Management Jokes - Stategies & Tactics)

"മുഖിയാ" എന്നു ഉത്തരേന്ത്യയിൽ വിളിയ്ക്കുന്ന ഒരു ഗ്രാമമുഖ്യൻറ്റെ കഥയാണ്. അദ്ദേഹം പട്ടണത്തേയും അവിടുത്തെ പുതിയ രീതികളേയും വളരെയധികം ഇഷ്ടപ്പെടുകയും, അവയിൽ നിന്നും പലതു സ്വന്തം നാട്ടിൽ നടപ്പിലാക്കാൻ തൽപ്പര്യമുള്ള ആളും ആയിരുന്നു. എങ്കിലും ഗ്രാമത്തിലെ തിരക്കുകൾ അദ്ദേഹത്തെ യഥേഷ്ടം പട്ടണത്തിൽ നിൽക്കാനോ, കൂടുതൽ പഠിയ്ക്കാനോ അനുവദിച്ചിരുന്നുമില്ല.

ഒരു നാൾ മുഖിയാ പട്ടണത്തിലൂടെ നടക്കുമ്പോൾ ഒരു ആൾക്കൂട്ടം കണ്ട് വിവരം തിരക്കി. ഒരു കുട്ടി കിണറ്റിൽ വീണിരിയ്ക്കുന്നു. ചില ആളുകൾ ഒരു കയറു കൊണ്ട് വന്ന്, കിണറ്റിലേയ്ക്ക് ഇട്ടു കൊടുത്തു. കുട്ടിയോട് ആ കയർ അരയിൽ കെട്ടാനും അതിൽ ബലമായി പിടിയ്ക്കാനും അവർ പറഞ്ഞു. പിന്നെ അവർ കുട്ടീ ആ കയറിൽ തൂക്കി വെളിയിലെടുത്തു. മുഖിയായ്ക്ക് വളരെ സന്തോഷമായി, കൊള്ളാം പട്ടണക്കാരുടെ ഓരോ ബുദ്ധികളേ! അദ്ദേഹം അത്ഭുതപ്പെട്ടു.

തിരികെ ഗ്രാമത്തിൽ എത്തിയ മുഖിയായ്ക്ക് ഈ വിദ്യ ഉപയോഗിയ്ക്കാൻ താമസിയാതെ ഒരു അവസരം ലഭിച്ചു. അൽപ്പം വ്യത്യാസമുള്ള സാഹചര്യമാണ്. ഒരു കുട്ടി മരത്തിൻ റ്റെ മുകളിൽ കയറി, കുട്ടി ചില്ലയിൽ ഇരിപ്പാണ്, താഴെ ഇറങ്ങാൽ ഭയം; മരം ദുർബ്ബലമാകയാൽ ആർക്കും കയറാനും പറ്റുന്നില്ല.

മുഖിയാ സ്ഥലത്തെത്തി, സ്ഥിതിഗതികൾ വിലയിരുത്തി; ഒരു കയർ കൊണ്ടുവരാൻ ആവശ്യപ്പെട്ടു.കൊണ്ടുവന്ന കയറിൻറ്റെ ഒരറ്റം കുട്ടിയ്ക്ക് എറിഞ്ഞു കൊടുത്തിട്ട് അതു അരയിൽ കെട്ടുവാനും കയറിൽ ബലമായി പിടിയ്ക്കുവാനും പറഞ്ഞു. മറ്റേയറ്റം മുഖിയാ കൈകളിൽ വച്ചു, തരവും തഞ്ചവും നോക്കി, ഇതിനിടയിൽ കുട്ടി കാലു തെന്നി ശിഖരത്തിൻറ്റെ മറു ഭാഗത്തേയ്ക്ക് വീണു. കുട്ടി കമ്പിൽ കൂടി കയറിൽ തൂങ്ങിക്കിടന്നു തഴോട്ട് വന്നു, മുഖിയാ അറിയാതെ മുന്നോട്ടോടി പോയെങ്കിലും, കുട്ടി നിലത്തെത്തി. ആളുകൾ ആർപ്പു വിളിച്ചു, മുഖിയയുടെ ബുദ്ധിയെ പ്രശംസിച്ചു. മുഖിയയ്ക്ക് മാത്രം കാര്യങ്ങൾ അത്ര പിടിച്ചില്ല , സംഗതി വിജയിച്ചെങ്കിലും എവിടെയോ ഒരു തെറ്റുണ്ടെന്ന് അദ്ദേഹത്തിനു തോന്നി.

അധികം താമസിയാതെ അദ്ദേഹത്തിനു വീണ്ടും ഒരവസരം കിട്ടി. അതേ സാഹചര്യം, ഇത്തവണ മുഖിയാ ഒരുപാടു കാത്തിരുന്നില്ല, കുട്ടി കയറു കെട്ടിയതും മുഖിയാ ഒറ്റ വലി.കുട്ടി നെരേ തഴെ വന്നു വീണു, കുട്ടിയുടെ നിർഭാഗ്യം അതു മരിച്ചു പോയി. മുഖിയാ ഒന്നു കൂടി ആലോചിച്ചു, വീണ്ടും എവിടെയോ ഒരു കുഴപ്പം,"തെറ്റി ചെയ്തപ്പോൾ ഗുണഫലം, നേരേ ചെയ്തപ്പോൾ വിപരീതഫലം". ദു:ഖിതരായിരിയ്ക്കുന്ന ജനങ്ങളോട് മുഖിയാ പറഞ്ഞു " ഇതൊക്കെ ഇങ്ങനെയാണ്, ചിലപ്പോൾ ശരിയാകും ചിലപ്പോൾ വിപരീതവും. സാധ്യത 1/2 മാത്രം"

ഗുണപാഠം : സ്ട്രാറ്റജിയും, ടാക്ടിക്സ്സും രണ്ടാണ്. സ്ട്രാറ്റജി ഒരു നയത്തിൻറ്റെ ഭാഗമാണ്. എന്നാൽ ടാക്ടിക്സ്സ് ഒരു പ്രത്യേക സാഹചര്യം മനസ്സിലാക്കി അതിനനുസരിച്ച് ആ സ്ട്രാറ്റജി ഉപയോഗിയ്ക്കുന്നതാണ്.

No comments:

Post a Comment