ഒരു ചെറിയ പക്ഷി ശിശിരത്തിൽ ദേശാടനത്തിനിറങ്ങി. കുറച്ചു ദൂരം പറന്നപ്പോൾ ശൈത്യം കടുക്കുകയും ചിറകുകൾക്ക് കനം വയ്ക്കുകയും, പറക്കാനാവാതെ പക്ഷി ഒരു വിശാലമായ വയലിൽ വീഴുകയും ചെയ്തു. പാവം പക്ഷി അവിടെ തണുത്ത് വിറങ്ങലിച്ച് മരണത്തെ മുന്നിൽ കണ്ട് കിടക്കുമ്പോൾ അതു വഴി മേഞ്ഞു നടന്നിരുന്ന ഒരു പശു അതുവഴി കടന്നു പോകുകയും, ബോധപൂർവ്വമല്ലാതെയെങ്കിലും കൃത്യമായി ആ പക്ഷിയുടെ മുകളിൽ ചാണകം ഇടുകയും ചെയ്തു.
പക്ഷി ആ ചാണകക്കൂമ്പാരത്തിൽ മുങ്ങിപ്പോയെങ്കിലും, അതിൻറ്റെ തണുപ്പു മാറി, മഞ്ഞിൽ തീകായുന്നതു പൊലെ ഒരു സുഖം പക്ഷിയ്ക്ക് ലഭിച്ചു, ജീവൻ തിരിച്ചു കിട്ടി, അതിനു സന്തോഷം അടക്കാനായില്ല, തല ചാണകക്കൂമ്പാരത്തിനു വെളിയിലിട്ട് ഒരസ്സൽ പാട്ടങ്ങു പാടി; "സന്തോഷം സന്തോഷം സന്തോഷമേ, സന്തോഷം കൊണ്ടെനിയ്ക്കിരിയ്ക്കാൻ മേലേ" എന്നോ മറ്റോ ആണാ പാട്ട്.
കഷ്ടകാലത്തിനു മഞ്ഞിൽ ഇരകിട്ടാതെ വിഷമിച്ചു നടന്ന ഒരു കാട്ടു പൂച്ചയുടെ കാതിലുമെത്തി ഈ പാട്ട്. പൂച്ച പാട്ടിൻറ്റെ ഉറവിടം തേടിയെത്തി, കിളിയുടെ തല കണ്ടു, ചാണകം മാറ്റി മുഴുവനായും കണ്ടു, തൂവൽ ഉരിഞ്ഞു കളഞ്ഞ് മാംസം കണ്ടു, വായിലാക്കിയപ്പോൾ രുചി കണ്ടു, പിന്നെ വിശപ്പിനു ശമനം കണ്ടു. അതായത് പക്ഷിയുടെ കഥ ഇവിടെ കഴിഞ്ഞു.
ഇതിൽ നിന്നും മൂന്നു കാര്യങ്ങൾ പഠിയ്ക്കണം.
1. നിങ്ങളുടെ മേൽ മാലിന്യം വർഷിയ്ക്കുന്നവർ എല്ലാം നിങ്ങളുടെ ശത്രുക്കളല്ല.
2. നിങ്ങളെ ആ മാലിന്യക്കൂമ്പാരത്തിൽ നിന്നും രക്ഷിയ്ക്കുന്നവർ എല്ലാം നിങ്ങളുടെ സുഹൃത്തുക്കളുമല്ല.
3. നിങ്ങൾ മാലിന്യത്തിൽ മൂടപ്പെട്ടിരിയ്ക്കുകയും, ആ മാലിന്യാവരണം നിങ്ങൾക്ക് സുഖകരമായി തോന്നുകയും ചെയ്യുന്നെങ്കിൽ പിന്നെ വായ് അടച്ചങ്ങിരിയ്ക്കുക, സുഖിയ്ക്കുക.
No comments:
Post a Comment