Showing posts with label പിറന്നാൾ സമ്മാനം. Show all posts
Showing posts with label പിറന്നാൾ സമ്മാനം. Show all posts

Friday, December 25, 2015

പിറന്നാൾ സമ്മാനം

തങ്ങളുടെ പ്രിയങ്കരനായ മേലധികാരിയ്ക്ക് സഹപ്രവർത്തകർ എല്ലാവരും ചേർന്ന് ഒരു പിറന്നാൾ സമ്മാനം നല്കി.



അതിമനോഹരമായി പൊതിഞ്ഞ ആ പെട്ടി ഓഫീസ്സിൽ സംഘടിപ്പിച്ച ചെറിയ ചായസൽക്കാരത്തിനിടയിലെ കരഘോഷങ്ങൾക്ക് നടുവിൽ വച്ച് അദ്ദേഹത്തിനു കൈമാറി.

തനിയ്ക്ക് ലഭിച്ച സമ്മാനം എന്തെന്നറിയുവാനുള്ള ആഗ്രഹം ഉള്ളിൽ നിറഞ്ഞെങ്കിലും, മേലധികാരിയുടെ ജാഡ അതവിടെ വച്ച് തുറക്കാൻ അദ്ദേഹത്തെ അനുവദിച്ചില്ല. എങ്കിലും എന്തെന്നറിയുവാനായി മെല്ലെ ആ പാക്കറ്റ് ആരുടെയും ശ്രദ്ധയിൽ പെടാതെ ഒന്ന് കുലുക്കി നോക്കി; പിന്നെ മുന്നിലുള്ള മേശയിൽ വയ്ക്കാൻ തുടങ്ങിയപ്പോൾ വിരലിലും, പെട്ടിയുടെ ഒരു മൂലയ്ക്കും ചെറിയ നനവ് അനുഭവപ്പെട്ടു.

ഇതോടെ അദ്ദേഹത്തിൻറ്റെ നിയന്ത്രണം നഷ്ടമായി, ആ നനഞ്ഞ വിരലുകൾ മണത്തു കൊണ്ടദ്ദേഹം തിരക്കി 
" ഒരു കുപ്പി വൈൻ ?" 

"അല്ല" 

സഹപ്രവർത്തകർ ചെറുചിരിയോടെ കോറസ്സ് ആയി പറഞ്ഞു.

പെട്ടിയുടെ നനവുള്ള ഭാഗത്ത് വിരലുകൾ അല്പ്പം അമർത്തി തുടച്ച് അദ്ദേഹം ആ വിരലുകൾ നുണഞ്ഞ് വിശദമായ പരിശോധനയ്ക്ക് ശേഷം വിജയിയെ പോലെ പ്രഖ്യാപിച്ചു 

" ഒരു കുപ്പി സ്കോട്ടിഷ് സ്കോച്ച് "

ഇത്തവണ സഹപ്രവർത്തകരിലും പൊട്ടിച്ചിരി ഉണർന്നു, അവർ തെല്ലമ്പരപ്പോടെ പറഞ്ഞു 

"അല്ല"

മേലധികാരി ഇത്തവണ വിടാൻ ഒരുക്കമല്ലായിരുന്നു, 

"ഞാൻ പറഞ്ഞതാണ് ശരി അതിനായി ബറ്റ് വയ്ക്കാൻ തയ്യാറാണ് "

എന്ന വെല്ലുവിളിയൊടെ അദ്ദേഹം ആ പെട്ടിയുടെ അലങ്കാരച്ചുറ്റുകൾ വലിച്ച് മാറ്റി ഉള്ളിലേയ്ക്ക് നോക്കി..

അവിടെ ഒരു ചെറിയ സുന്ദരൻ പോമറേനിയൻ നായക്കുട്ടി അദ്ദേഹത്തെ നോക്കി തന്റെ കുട്ടിവാൾ ആട്ടുന്നുണ്ടായിരുന്നു!!!!